Listing Description
കേരള സര്‍ക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പിനു കീഴില്‍ ഒരു സ്വയംഭരണ സ്ഥാപനമായാണ് പൈതൃകപഠനകേന്ദ്രം (സെന്റർ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്) പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അറിവ് ഒരു സമൂഹത്തിനൊട്ടാകെ പകര്‍ന്നു നല്‍കുക എന്ന മഹത്തായ ആശയമാണ് ഈ കേന്ദ്രത്തെ മുന്നോട്ടു നയിക്കുന്നത്. രണ്ടായിരാമാണ്ടില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം കാമ്പസ്സിലെ ചരിത്രഭൂമികയില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി, ആര്‍ട്ട് ഹിസ്റ്ററി, കണ്‍സര്‍വേഷന്‍ & മ്യൂസിയോളജി എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കേന്ദ്രം, 1993 മുതല്‍ ഈ കാമ്പസ്സില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ഹില്‍പാലസ് പ്രിമിസസ് പ്രിസര്‍വേഷന്‍ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് സെന്റർ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് (പൈതൃകപഠനകേന്ദ്രം) എന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി. 2002-ല്‍ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ത്യയുടെ നാവികപാരമ്പര്യം സംബന്ധിച്ച ദേശീയ സെമിനാര്‍ ഈ രംഗത്തെ ഒരു മികച്ച കാല്‍വെപ്പായിരുന്നു. ഇതു കൂടാതെ കടക്കരപ്പള്ളി, പട്ടണം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പുരാവസ്തു ഉത്ഖനനവും ഇതു സംബന്ധിച്ച ശില്പശാലകളും കേന്ദ്രത്തിന്‍റെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.
പൈതൃകസംബന്ധമായ വിവിധ വിഷയങ്ങളിലുള്ള കോഴ്സുകള്‍ നടത്തുന്നതോടൊപ്പം ഈ മേഖലയിലുള്ള പരിശീലന പരിപാടികള്‍, ശില്പശാലകള്‍, സെമിനാറുകള്‍ തുടങ്ങിയവയും ഈ കേന്ദ്രം നടത്തി വരുന്നു. കൂടാതെ 52 ഏക്കറോളം വരുന്ന ഹില്‍പാലസ് മ്യൂസിയം വളപ്പിലെ പൂന്തോട്ടം, ഇരുന്നൂറോളം മാനുകളുള്ള മാന്‍ പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് എന്നിവയുടെ പരിപാലനവും കേന്ദ്രത്തിന്റെ ചുമതലയാണ്. ആര്‍ക്കിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍സര്‍വേഷന്‍, മ്യൂസിയോളജി എന്നീ വിഷയങ്ങളില്‍ നാലു റഗുലര്‍ പി.ജി. ഡിപ്ലോമ കോഴ്സുകള്‍ കേന്ദ്രം ഇപ്പോള്‍ നടത്തി വരുന്നു. കൂടാതെ എം.ജി. സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ചരിത്രം ഐച്ഛിക വിഷയമായെടുത്ത ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ജോബ് ട്രെയിനിങ്ങ് കോഴ്സും സംഘടിപ്പിച്ചു വരുന്നു. ഇതോടൊപ്പം പൈതൃക സംബന്ധമായ വിഷയങ്ങളില്‍ വിവിധ സാംസ്കാരിക കേന്ദ്രങ്ങളുടെയും ചരിത്രകാരന്മാരുടെയും സഹകരണത്തോടെ ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പൈതൃക സംബന്ധമായ വിവിധ വിഷയങ്ങളില്‍ മുപ്പതോളം പ്രസിദ്ധീകരണങ്ങള്‍ ഇതു വരെയായി പഠനകേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
പൈതൃകപഠന ഗവേഷണങ്ങള്‍ക്കായി പൂര്‍ണ്ണമായി സജ്ജീകരിച്ച ഒരു ലൈബ്രറിയും പുരാവസ്തുക്കളുടെയും പുരാരേഖകളുടെയും ശാസ്ത്രീയസംരക്ഷണത്തിനായി ഒരു കണ്‍സര്‍വേഷന്‍ ലബോറട്ടറിയും പഠനകേന്ദ്രത്തിലുണ്ട്.