സുറിയാനിപ്പിടി

Pidiyum koziyum

സുറിയാനി ക്രിസ്ത്യാനികളുടെ പിടിയും കോഴിക്കറിയും! ആദ്യമേ പറയാം. ഇതൊരു റെസിപ്പി അല്ല.

യു ട്യൂബും വാട്സാപ്പും മറ്റ് പല ആപ്പുകളുമുള്ളതിനാൽ ഇപ്പോ എല്ലാവർക്കും പിടി എന്താണെന്നറിയാം. പലർക്കും ഉണ്ടാക്കാനും അറിയാം.

ഇനി കാര്യത്തിലേക്ക് കടക്കാം.

തിരുവനന്തപുരത്ത് ജനിച്ച് സാമ്പാറും അവിയലും തേങ്ങയരച്ചു മുരിങ്ങക്കോലിട്ട മീൻ കറിയും തിന്നു വളർന്ന ഒരു സുറിയാനി ക്രിസ്ത്യാനിയാണ് ഞാൻ. മുതിർന്നപ്പോൾ ഇവിടുത്തെ കല്യാണങ്ങൾക്ക് പോയി ഇടി കൊണ്ടും കൊടുത്തും റെക്കാർഡ് വേഗത്തിൽ സദ്യ കഴിക്കാനും കൈയിൽ മോരും രസവും വാങ്ങി ഒരു തുള്ളി പോലും കളയാതെ മോന്താനും ഇടംവലം നോക്കാതെ അടപ്രഥമനും പഴവും, ബോളിയും പാൽ പായസവും പിന്നെ കടലപ്പായസവും അതിന്റെ മീതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അതും തിന്ന് ഏമ്പക്കം വിടാനും പ്രാപ്തയായവളാണ് ഈ ഞാൻ.

അങ്ങനെയിരിക്കെ എന്നെ അപ്പന്റെ ജന്മനാടിന്റെ അടുത്തുള്ള സ്ഥലത്തേക്ക് കല്യാണം കഴിപ്പിച്ചയച്ചു. ചെറുക്കന്റെ വീട്ടിലെ കല്യാണപ്പന്തലിലെ പരമ്പാരഗത സദ്യ ഉണ്ണാനിരുന്ന ഞാൻ വിയർത്തു പോയി. ബീഫിന്റെ വിവിധ തരങ്ങൾ, ചിക്കൻ വിഭവങ്ങൾ, മീൻ വിഭവങ്ങൾ, പൊരിച്ചത് വച്ചത്, പപാലുപിഴിഞ്ഞത്, ഒരു മൈക്രോൺ കനത്തിൽ കാബേജ് തോരനും സർലാസ് എന്ന വീരനും പിന്നെ കാളനും.
എന്റെ ഇലയിൽ വിളമ്പുകാരൻ ചേട്ടൻ ബീഫ് വിളമ്പിയതും ഞാൻ മൊഴിഞ്ഞു – “എനിക്ക് കുറച്ചു മതി”. വിളമ്പിയ ചേട്ടന്റെ മുഖഭാവം ഞാൻ ഒരിക്കലും മറക്കില്ല. ചേട്ടന്റെ ഡയലോഗും. “എന്റെ പുള്ളേ നീ ഞങ്ങടെ ചെറ്ക്കനെ പട്ടിണിക്കിടല്ലേ ട്ടോ”!!! ഞാൻ ഒലിച്ചു പോയി.
ഇതൊന്നുമല്ല സുറിയാനി ക്രിസ്ത്യാനികളുടെ അഭിമാനം. മാമ്മോദീസ, വിരുന്ന്, കല്യാണം, നേർച്ച, ജന്മദിനം, പെരുന്നാൾ, എല്ലാ കലാപരിപാടികൾക്കും പിടിയും കോഴിയുമാണ് താരം. എന്റെ ഭർതൃമാതാവ് – മമ്മി എന്നു ഞങ്ങൾ വിളിക്കുന്ന ശ്രീമതി. ഏലിയാമ്മ പൗലോസ്, ഈ പിടി – കോഴിക്കറി സ്പെഷ്യലിസ്റ്റാണ്. 10 കിലോ പച്ചരി കഴുകി പൊടിച്ച് 7 തേങ്ങ ചിരകി ചേർത്ത് വറുത്ത മുറുക്കിയ നല്ല സ്വർണ്ണ നിറമുള്ള അവലോസു പൊടിയാണ് പിടിയുണ്ടാക്കാനെടുക്കുന്നത്. വെണ്ണ പോലെ അരച്ച വെളുത്തുള്ളിയും ജീരകവും ഉപ്പും ചേർത്ത് തിളപ്പിച്ച വെള്ളം അവലോസു പൊടിയിലേക്ക് അല്പാൽപ്പം പകർന്ന് കുഴച്ചു ഇടിച്ച് ഒരു വലിയ കട്ടയാക്കി വയ്ക്കും. ദാഹം തീരാത്ത പോലെ പൊടി വെള്ളം കുടിച്ചു കൊണ്ടേയിരിക്കും. വെള്ളം വലിഞ്ഞ് ഉണങ്ങുന്നതിനു മുൻപ് വീട്ടിലെ മറ്റംഗങ്ങളുടെ റോൾ തുടങ്ങും. കട്ടയെ പകുത്ത് ഒരോ വലിയ ഉണ്ടയാക്കി എല്ലാവർക്കും നൽകും. നമ്മൾ ചെറു നെല്ലിക്കാ വലുപ്പത്തിൽ ഉരുളകൾ തയ്യാറാക്കി ഉടയാതെ അവലോസുപൊടി വിതറിയ മുറത്തിൽ നിരത്തും. നാട്ടുകാര്യവും വീട്ടുകാര്യവും കുറ്റവും കുറവും എല്ലാം പറഞ്ഞു കഴിയുമ്പോളേക്കും ഉണ്ടകൾ റെഡി. ഉണ്ടയുരുട്ടുന്നതിനിടയിൽ മമ്മി മരുമക്കൾ പെണ്ണുങ്ങളോട് – ഇത് ഉണ്ടാക്കാൻ പഠിക്ക്, വയസ്സാംകാലത്ത് പിടി തിന്നാൻ കൊതിയാവുമ്പേ എന്തു ചെയ്യും – എന്നു പറയാറുണ്ട്. അപ്പോൾ ഞങ്ങൾ ഉണ്ടയുരുട്ടാൻ ഒരു മെഷീൻ കണ്ടു പിടിക്കുന്നതിനെപ്പറ്റിയും പിടിയുടെ wholesale dealer ആയ ലിസി ചേച്ചി പറ്റിയും കാര്യം പറയും.

ഇനി അടുത്ത ഉരുളിയിൽ വെള്ളം തിളപ്പിച്ച് വെട്ടിത്തിളയ്ക്കുമ്പോൾ ഉണ്ടകൾ അതിലേക്ക് ഇടുന്നു. വെന്ത് കുറുകി നല്ലൊരു വാസനയോടു കൂടി ഉണ്ടകൾ ഉടയാതെ നല്ല ഭംഗിയിൽ ഉരുളിയിലിരുന്ന് നമ്മളെ നോക്കിച്ചിരിക്കും.

പിടിക്കു കൂട്ടിനു വറുത്തരച്ച കോഴിക്കറി വലിയ ഒരു അടുപ്പിൽ തയ്യാറാവും. Cleaned curry cut chicken കഷ്ണങ്ങൾ മുന്നമേ ചൂടാക്കിയ മുളക്. മഞ്ഞൾ, മല്ലി, മസാല കൂട്ടുകൾ കറിവേപ്പില ഇവകൾ ചേർത്ത് തിരുമ്മി മാറ്റി വച്ചിരിക്കും. വീണ്ടും ഉരുളി ചൂടാക്കി നല്ല വെളിച്ചെണ്ണയിൽ കടുക്, ചുവന്നുള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉരുളക്കിഴങ്ങ്, തക്കാളി കഷ്ണങ്ങൾ എന്നിവ ചേർത്ത് വഴറ്റി മൂപ്പിച്ച് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് സമയാസമയങ്ങളിൽ മൂന്ന്, രണ്ട് തേങ്ങാപ്പാലുകളിൽ പയ്യെ വേവിച്ച് നല്ല വറുത്തര ചേർത്ത് ഒന്നാം പാലും ചേർത്ത് പയ്യെ തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വയ്ക്കുന്നു. തീർന്നു. പണി കഴിഞ്ഞു.

ഇനിയാണ് ആ പിടി പിടിക്കുന്നത്. കുറച്ച് പിടിയും പിടിക്കുഴമ്പും ചിക്കനും ചിക്കൻ ചാറും ചേർത്ത് കഴിക്കണം വായിൽ ഇട്ടാൽ എല്ലാ രസമുകുളങ്ങളേയും ഇക്കിളിയിട്ട് തൊണ്ടയിലൂടെ ഇത് അലിഞ്ഞ് ഇല്ലാതാകും. കുറച്ചും കൂടി പോരട്ടെ പോരട്ടെ എന്ന മട്ടിലാകും എല്ലാവരും. അങ്ങനെ കുടുംബസമേതം ഉരുട്ടിയ പിടി കുടുംബ സമേതം തിന്നു തീർക്കും. ഇതാണ് സുറിയാനി പിടിയുടെ കഥ.

Picture courtesy: www.keralaoven.com, Kerala Tourism,

Post your Comments

NAME *
EMAIL *
Website